X

അഭ്യൂഹങ്ങള്‍ വേണ്ട, മെസ്സി എവിടെയും പോകുന്നില്ല; ബാഴ്‌സലോണ പ്രസിഡണ്ട്

ബാഴ്‌സലോണ: ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബാഴ്‌സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമിയോ. ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ അര്‍ജന്റൈന്‍ താരം വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍ അദ്ദേഹം പൂര്‍ണ്ണമായും തള്ളി. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജോസഫ് മരിയ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഫുട്‌ബോള്‍ ജീവിതം ബാഴ്‌സയില്‍ കളിച്ച് അവസാനിപ്പിക്കും എന്ന് മെസ്സി പറഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളികളിലാണ് ശ്രദ്ധ. നിരവധി കളിക്കാരുമായി ചര്‍ച്ചയിലാണ്. ഇവിടെ നില്‍ക്കുമെന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അത് ദീര്‍ഘനാള്‍ ഞങ്ങള്‍ ആസ്വദിക്കാന്‍ പോകുകയാണ്’ – അദ്ദേഹം പറഞ്ഞു.

2017ലാണ് മെസ്സി അവസാനമായി ബാഴ്‌സയുമായി കരാര്‍ ഒപ്പിട്ടത്. 2021 വരെയാണ് കരാര്‍. കോച്ച് ക്വിക്കെ സെറ്റിയനുമായും മാനേജ്‌മെന്റുമായുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മെസ്സി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചു എന്നാണ് സ്പാനിഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നത്. കുട്ടിക്കാലത്ത് കളിച്ചു വളര്‍ന്ന നെവെല്‍ ഓള്‍ഡ് ബോയ്‌സിലേക്ക് മെസ്സി ചേക്കേറും എന്നാണ് സ്‌പോര്‍ട്‌സ് റഷ് റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും മെസ്സിയെ നോട്ടമിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.

മെസ്സി ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നതായി സ്പാനിഷ് റേഡിയോ സദെന സെര്‍ ആണ് ആദ്യമായി വെളിപ്പെടുത്തയത്. എന്നാല്‍ അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല എന്നാണ് കോച്ച് ക്വിക്കെ പറഞ്ഞിരുന്നത്.

Test User: