X
    Categories: Culture

അഫ്ഗാനിലെ തന്ത്രപ്രധാന ജില്ല താലിബാന്‍ പിടിച്ചു

 
കാബൂള്‍: അഫ്ഗാനിസ്താനിലെ കുന്‍ഡുസ് പ്രവിശ്യയില്‍ ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവില്‍ തന്ത്രപ്രധാന ഖലാഇ സാല്‍ ജില്ലയുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു. വിവിധ ദിശകളിലൂടെ ഇരച്ചുകയറിയ പോരാളികള്‍ ശനിയാഴ്ച ഉച്ചയോടെ പൂര്‍ണമായും ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തു.
അഫ്ഗാന്‍ സേന പരമാവധി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും യഥാസമയം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്താത്തതുകൊണ്ട് പിന്മാറേണ്ടിവന്നുവെന്ന് കുന്‍ഡുസ് പ്രവിശ്യ പൊലീസ് വക്താവ് മഹ്ഫൂസുല്ല അക്ബാരി പറഞ്ഞു. അഫ്ഗാന്‍ സുരക്ഷാസേനയുടെ ഭാഗത്ത് വന്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിരവധി സൈനികരെയും പൊലീസുകാരെയും സര്‍ക്കാര്‍ അനുകൂല മിലീഷ്യ അംഗങ്ങളെയും കൊലപ്പെടുത്തിയതായി താലിബാന്‍ അവകാശപ്പെട്ടു. നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ സമീപ കാലത്ത് താലിബാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലഹീനതയും നേതൃത്വത്തിന്റെ അഭാവവും മുതലെടുത്തുകൊണ്ടാണ് താലിബാന്‍ മുന്നോട്ടുപോകുന്നത്. 2016ല്‍ മാത്രം സൈനികരും പൊലീസുകാരുമുള്‍പ്പെടെ 6800 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എസ് കണക്ക്. കഴിഞ്ഞ മാസം മസാരെ ശരീഫ് നഗരത്തിലെ സൈനിക താവളത്തില്‍ ഒരുസംഘം താലിബാന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ റിക്രൂട്ടിങിനെത്തിയ 135 യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പട്ടാള വേഷത്തിലാണ് തീവ്രവാദികള്‍ സൈനിക തവളത്തിലേക്ക് കടന്നത്.
അഫ്ഗാനിസ്താന്റെ പകുതി ഭാഗവും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ 407 ജില്ലകളില്‍ 57 ശതമാനത്തിനുമേല്‍ മാത്രമേ അഫ്ഗാന്‍ ഭരണകൂടത്തിന് നിയന്ത്രണം അവകാശപ്പെടാന്‍ സാധിക്കൂ എന്ന് യു.എസ് സേനയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

chandrika: