ലണ്ടന്‍: യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് പറഞ്ഞ് തള്ളിയ ലോക്ക് ഡൗണ്‍ എന്ന നോവല്‍ പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ലണ്ടനിലെ പ്രസാധകര്‍. അതും ഒറ്റരാത്രി കൊണ്ട്. സ്‌കോട്ടിഷ് എഴുത്തുകാരന്‍ പീറ്റര്‍ മേ 2005ല്‍ എഴുതിയ നോവലാണ് പതിനഞ്ചു വര്‍ഷത്തിന് ശേഷം പ്രസാധകര്‍ പ്രസിദ്ധീകരിച്ചത്. മുന്‍ മാദ്ധ്യമപ്രവര്‍ത്തകനും ബി.ബി.സിയുടെ തിരക്കഥാകൃത്തുമാണ് പീറ്റര്‍ മേ.
ലണ്ടന്‍ പ്രഭവ കേന്ദ്രമായി ഒരു മഹാമാരി ലോകത്തെ കീഴടക്കുന്ന കഥയാണ് ലോക്ക് ഡൗണ്‍ പറയുന്നത്. അടുത്ത മഹാമാരിയായി പക്ഷിപ്പനി വരുമെന്ന ശാസ്ത്രജ്ഞരുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ നോവല്‍ എഴുതിയത് എന്ന് മേ സി.എന്‍.എന്നിനോട് പറഞ്ഞു. 2002ല്‍ മഹാമാരികള്‍ക്കെതിരെ യു.എസും യു.കെയും നടത്തിയ സജ്ജീകരണങ്ങളെ ആസ്പദമാക്കിയാണ് നോവല്‍ തയ്യാറാക്കിയത്.
‘ഇത് വളരെ ഭീതിതമായ കാര്യമാണ്. എന്നാല്‍ അത് ശരിക്കുമുള്ളൊരു സാദ്ധ്യതയായിരുന്നു. അതില്‍ ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ട്. എന്നിട്ടാണ് ഈ ആശയവുമായി മുന്നോട്ടു പോകുന്നത്. ലണ്ടനില്‍ നിന്ന് ഈ മഹാമാരി ആരംഭിച്ചാല്‍ എങ്ങനെ ആകും എന്നായിരുന്നു ആശയം. സമ്പൂര്‍ണ്ണമായി ലോക്ക്ഡൗണ്‍ ആയ നഗരത്തിന് എന്തു സംഭവിക്കുമെന്നും’- മേ പറഞ്ഞു.
‘അങ്ങേയറ്റം യാഥാര്‍ത്ഥ്യബോദ്ധ്യമില്ലാത്തതും യുക്തിരഹിതവും’ എന്നു പറഞ്ഞാണ് നോവല്‍ അന്ന് നിരസിക്കപ്പെട്ടത്. അങ്ങനെയൊന്ന് എഴുതിയ കാര്യം പോലും താന്‍ മറന്നിരുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരു പുസ്തകമെഴുതിക്കൂടേ എന്ന ട്വിറ്റര്‍ ആരാധകന്റെ ചോദ്യമാണ് ഈ പുസ്തകത്തെ കുറിച്ച് ഓര്‍മിക്കാന്‍ ഇടവന്നത്. ഇതോടെ പ്രസാധകനെ വിളിച്ചു. എഡിറ്റര്‍ ഒരു രാത്രി കൊണ്ട് മുഴുവന്‍ വായിച്ചു തീര്‍ത്തു. ഇത് മികവുറ്റതാണ്. ഇതിപ്പോള്‍ പ്രസിദ്ധീകരിക്കാം എന്ന് അടുത്ത ദിവസം രാവിലെ തന്നെ വിളിച്ചു പറയുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.കെയില്‍ ആമസോണ്‍ വഴി കിന്‍ഡില്‍ എഡിഷന്‍ മാത്രമാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. ഏപ്രില്‍ 30ന് ശേഷം പുസ്തകം ഹാര്‍ഡ് കോപ്പിയായി വായനക്കാരിലെത്തും.