തിരുവനന്തപുരം: ഇന്ത്യയില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ചക്കമഹോത്സവത്തിന് വയനാട് വേദിയാകും. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഈ മാസം ഒന്‍പതുമുതല്‍ 14വരെയാണ് ചക്കമഹോത്സവം നടക്കുകയെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം 12ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായാണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ചക്ക മഹോത്സവത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ശില്‍പശാലയും സംഘടിപ്പിക്കും. ചക്കയുടെ അതുല്യമായ പോഷകമൂല്യങ്ങളെയും വൈവിധ്യമാര്‍ന്ന ഉപയോഗ രീതികളെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളെയും അനന്തമായ വിപണന സാധ്യതകളെയും കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയാണ് ലക്ഷ്യം. ചക്കയുടെ വാണിജ്യവല്‍ക്കരണത്തിനുള്ള സാധ്യതകളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുക, ചക്കയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക അറിവുകള്‍ പ്രചരിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളില്‍ നിന്നും 17ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും.
കര്‍ഷകര്‍ക്കായി ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും സംഘടിപ്പിക്കും. ചക്കയുടെ മൂല്യവര്‍ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായുള്ള അഞ്ച് ദിവസത്തെ പരിശീലന പരിപാടിയും ഉണ്ടാകും. ആദ്യദിനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുമുള്ള ചക്കവരവ് എത്തും. ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പിന് പാരിതോഷികം നല്‍കും. ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള 500 ഓളം സ്റ്റാളുകള്‍ അടങ്ങിയ പ്രദര്‍ശനം കാണികള്‍ക്ക് നവീന ആശയങ്ങളും ഉല്‍പന്നങ്ങളും ലഭ്യമാക്കുന്ന വേദിയായിരിക്കും. ചക്കയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ വിപുലമായ ശേഖരം തന്നെ പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കും.
13ന് 2000ത്തോളം പേര്‍ക്കായി ഒരുക്കുന്ന 18ഓളം ചക്ക വിഭവങ്ങള്‍ അടങ്ങിയ സ്വാദിഷ്ടമായ ചക്ക സദ്യ മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. വിവിധങ്ങളായ മത്സരങ്ങളും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ചെറുകിട ചക്ക വ്യവസായങ്ങളില്‍ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശന മത്സരവുമുണ്ടാകും. ഈ ഇനത്തിലെ മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50,000 രൂപയും നല്‍കും. തൃശൂര്‍ മാള അടിസ്ഥാനമാക്കി ചക്കയുടെയും ചക്കവിഭവങ്ങളുടേയും ഒരു ഫാക്ടറി അടുത്തമാസം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.
- 7 years ago
chandrika
Categories:
Video Stories
അന്താരാഷ്ട്ര ചക്ക മഹോത്സവം വയനാട്ടില്‍
Tags: jackfroot