കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ കൊടുംക്രൂരത. കൊല്ലം വാളത്തുംഗല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈ പി.ടി ടീച്ചര്‍ ചവിട്ടിയൊടിച്ചതായാണ് പരാതി ഉയര്‍ന്നത്. വ്യാഴാഴ്ച നടന്ന മര്‍ദന വിവരം ശിശുദിനമായ ഇന്നലെ ആണ് പുറത്തറിഞ്ഞത്.സംഭവം വിവാദമായതോടെ പി.ടി ടീച്ചര്‍ ഷീജയെ കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗംകെ. മോഹന്‍ കുമാര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും കൊല്ലം എസ്.പിയോടും ആവശ്യപ്പെട്ടു.
ഒരു തെറ്റും ചെയ്യാതെ തന്നെ അധ്യാപിക മര്‍ദിക്കുകയായിരുന്നുവെന്ന് കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ക്ലാസ് നടന്നുകൊണ്ടിരിക്കെ തറയില്‍ വീണ പേനയെടുക്കാന്‍ കുനിഞ്ഞു. ഇതു കണ്ട അധ്യാപിക കോപത്തോടെ അടുത്തെത്തി. ഇടതു കൈ പിടിച്ച് തിരിച്ച ശേഷം ബെഞ്ചിന് പുറത്തുവെച്ച് കാല്‍മുട്ടുകൊണ്ട് ഇടിച്ചു. വേദന കൊണ്ട് അലറിക്കരഞ്ഞിട്ടും മര്‍ദനം നിര്‍ത്തിയില്ല. മറ്റു കുട്ടികള്‍ ഇതുകണ്ട് അമ്പരന്നിരിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ആസ്പത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ഇടതു കയ്യില്‍ എല്ലിന് പൊട്ടല്‍ കണ്ടതിനെതുടര്‍ന്ന് പ്ലാസ്റ്ററിട്ടിട്ടുണ്ട്.
സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതോടെ പ്രിന്‍സിപ്പാല്‍ പണം വാഗ്ദാനം ചെയ്ത് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്. ഷീജ അടുത്ത കാലത്താണ് സ്ഥലം മാറി വാളത്തുംഗല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തിയത്.