സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്‍. കളിക്കകത്തും പുറത്തും ശരിക്കും ഇതിഹാസം. പുതുതലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. ഒരുപക്ഷേ, സചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആധുനിക ക്രിക്കറ്റിലെ ഒരേയൊരു താരം. ബാറ്റിങ് സ്ഥിരതയാണ് കോലിയെ കളത്തില്‍ വേറിട്ടു നിര്‍ത്തുന്നത്.
സചിനോ കോലിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് പാക് ബൗളിങ് ഇതിഹാസം വസീം അക്രം. ആകാശ് ചോപ്രയുമായുള്ള യൂ ട്യൂബ് ഷോയിലാണ് ഇരു താരങ്ങളെ കുറിച്ചും അക്രം മനസ്സു തുറന്നത്. പ്രകോപിപ്പിച്ച് വിക്കറ്റ് തെറിപ്പിക്കാന്‍ സാദ്ധ്യതയുള്ള താരമാണ് കോലിയെന്നും സചിനു മുമ്പില്‍ അതു നടപ്പില്ല എന്നുമാണ് അക്രം പറയുന്നത്.
‘അദ്ദേഹം (കോലി) ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ്. എന്നാല്‍ സചിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ രണ്ടും വ്യത്യസ്തങ്ങളായ താരങ്ങളാണ്. രണ്ടു പേരും ആക്രമണോത്സുകരാണ്. എന്നാല്‍ അതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ട്. ഒരു ബൗളര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബാറ്റ്‌സ്മാന്റെ ശരീരഭാഷ വായിക്കാന്‍ കഴിയണം. ടെണ്ടുല്‍ക്കറെ സ്ലഡ്ജ് ചെയ്താല്‍ അദ്ദേഹം കുറച്ചു കൂടി നിശ്ചയദാര്‍ഢ്യമുള്ളയാളായി മാറും. കാരണം അദ്ദേഹം ആക്രമണോത്സുകള്‍ ആണ് എങ്കിലും പ്രകൃത്യാ ശാന്തനാണ്. അതേ കാര്യം കോലിയോട് ചെയ്താല്‍ അദ്ദേഹം ദേഷ്യപ്പെട്ട് എന്നെ ആക്രമിച്ചേക്കാം. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ എനിക്കവസരം കിട്ടുകയും ചെയ്യും’ – അക്രം പറഞ്ഞു.
സാങ്കേതികമേന്മ പരിഗണിക്കുമ്പോള്‍ വിരാട് കോലി ഇന്നത്തെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ്. അദ്ദേഹം അങ്ങേയറ്റം ഫിറ്റുമാണ്. ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനും പോകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 48.52 ശരാശരിയില്‍ 34,357 റണ്‍സ് അടിച്ചു കൂട്ടിയ താരമാണ് സചിന്‍. നൂറ് സെഞ്ച്വറികളും 164 അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരിലുണ്ട്.
കോലി ഇതുവരെ കളിച്ചത് 416 അന്താഷ്ട്ര മത്സരങ്ങളാണ്. 56.15 ശരാശരിയില്‍ 21,901 റണ്‍സ് നേടിയിട്ടുണ്ട്. 70 സെഞ്ച്വറിയും 104 അര്‍ദ്ധ സെഞ്ച്വറിയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്.