X

അതിവേഗം ചെല്‍സി കുതിക്കുന്നു

ലണ്ടന്‍: തുടര്‍ച്ചയായി പത്താം വിജയത്തോടെ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. 40-ാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗാസ് നേടിയ ഗോളിന് സണ്ടര്‍ലാന്റിനെ തോല്‍പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ ആറു പോയിന്റ് പിന്നിലാക്കാനും ചെല്‍സിക്കായി. ശനിയാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരെ നടക്കുന്ന മത്സരത്തില്‍ തോറ്റാലും നിലവില്‍ ചെല്‍സിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം സംഭവിക്കില്ല.

16 മത്സരങ്ങളില്‍ 40 പോയിന്റാണ് ചെല്‍സിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 34 പോയിന്റു വീതം നേടി ലിവര്‍പൂളും ആഴ്‌സണലും രണ്ടും മൂന്നും സ്ഥാനങ്ങളിലായി തുടരുന്നു. ക്രിസ്മസ് വരെ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന അവസരങ്ങളിലെല്ലാം (2004, 2005, 2009, 2014) ചെല്‍സി പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ടെന്നത് ചെല്‍സി ഫാന്‍സിന് ആഹ്ലാദം നല്‍കുന്നുണ്ട്.

ടീമിനെ സംബന്ധിച്ച് സന്തോഷകരമായ ക്രിസ്മസാണെങ്കിലും ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരം ഗൗരവപരമായാണ് കാണുന്നതെന്ന് ചെല്‍സി കോച്ച് അന്റോണിയോ കോന്റേ പറഞ്ഞു. മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മിഡില്‍സ്‌ബ്രോയേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനേയും ഹള്‍ സിറ്റി 3-0ന് ടോട്ടന്‍ഹാമിനേയും മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് വാറ്റ്‌ഫോര്‍ഡിനേയും വെസ്റ്റ്ഹാം 1-0ന് ബേണ്‍ലിയേയും കീഴടക്കി.

chandrika: