ഡല്‍ഹി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. അതേസമയം സ്‌കൂളുകളിലും കോളജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്നാണു നിലപാടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കപ്പാസിറ്റിയുടെ 25-30 ശതമാനം വരെ ഉപയോഗിച്ചു തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ അസോസ്യേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തെ സമീപിച്ചിരുന്നു. സംഘടനയുടെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചു. ചില നിയന്ത്രണങ്ങളോടെയായിരിക്കും ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനം. മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് ഭീഷണിയെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെയാണ് രാജ്യത്തെ തിയേറ്റര്‍, ജിംനേഷ്യം, സ്‌കൂള്‍, കോളജ് എന്നിവ അടച്ചുപൂട്ടിയത്.