X

അഗസ്റ്റ കോപ്റ്റര്‍ ഇടപാട് വ്യോമസേനാ മുന്‍ മേധാവി അറസ്റ്റില്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് കോപ്റ്റര്‍ ഇടപാട് കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ത്യാഗിക്കു പുറമെ, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഗൗതം ഖൈത്താന്‍, ത്യാഗിയുടെ അനന്തിരവന്‍ സഞ്ജീവ് ത്യാഗി എന്ന ജൂലി ത്യാഗി എന്നിവരാണ് അറസ്റ്റിലായത്. കോപ്റ്റര്‍ ഇടപാടിനായി കോഴ കൈപറ്റി കേന്ദ്ര സര്‍ക്കാറില്‍ സ്വാധീനം ചെലുത്തിയെന്നാണ് കേസ്. ഐ.പി.സി 120 ബി, 420, 1988ലെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്.

2013 മാര്‍ച്ചിലാണ് ത്യാഗി ഉള്‍പ്പെടെ 12 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 12 പ്രതികളില്‍ മൂന്നുപേര്‍ ത്യാഗിയുടെ ബന്ധുക്കളായിരുന്നു. 3767 കോടി രൂപയായിരുന്നു അഗസ്റ്റ വെസ്റ്റ്‌ലാന്റ് കോപ്റ്റര്‍ ഇടപാടിന്റെ മൊത്തം കരാര്‍ തുക. ഇതിന്റെ 12 ശതമാനമാണ് പ്രതികള്‍ കൈക്കൂലിയായി കൈപ്പറ്റിയതെന്ന് സി.ബി.ഐ വ്യക്തമാക്കി.

രണ്ട് ചാനലുകള്‍ വഴിയാണ് ഇടനിലക്കാര്‍ കോഴ കൈപറ്റിയത്. ബ്രീട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷേല്‍ വഴി 30 മില്യന്‍ യൂറോ (213 കോടിയിലധികം രൂപ) കൈപറ്റി. അഡ്വ. ഖൈത്താന്‍, വിദേശ പൗരന്മാരായ ഗുയ്‌ഡോ ഹാസ്‌കെ, കാര്‍ലോ ജെറോസ എന്നിവര്‍ വഴി 24 മില്യന്‍ യൂറോ (171 കോടിയിലിധികം രൂപ)യും കൈപറ്റിയതായാണ് സി.ബി. ഐ കണ്ടെത്തല്‍.

chandrika: