X

യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; എസ്പി പിളര്‍ന്നു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യു.പിയിലെ യാദവ രാഷ്ട്രീയത്തില്‍ ഏതാനും മാസമായി നിലനിന്ന ശീതസമരമാണ് ഇന്നലെ പൊട്ടിത്തെറിയില്‍ കലാശിച്ചത്. പുറത്താക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അഖിലേഷ് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് കാലത്ത് ഒമ്പതു മണിക്ക് തന്നെ അനുകൂലിക്കുന്ന എം.എല്‍.എമാരുടെ യോഗം അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിനു ശേഷം പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നായിരിക്കും രാജിയും രാഷ്ട്രീയ ഭാവിയും സംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ ഭരണകക്ഷി കൂടിയായ സമാജ്‌വാദി പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് യു.പി രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഖിലേഷ് യാദവിനൊപ്പം പിതൃസഹോദരനും രാജ്യസഭാംഗവുമായ രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മുലായം സിങ് യാദവിന്റെ മറ്റൊരു സഹോദരന്‍ ശിവപാല്‍ യാദവിനെ യു.പി മുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. പുതിയ മുഖ്യമന്ത്രിയെ താന്‍ തന്നെ തീരുമാനിക്കുമെന്ന് മുലയാംസിങ് വ്യക്തമാക്കി.

തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തിയ പശ്ചാത്തലത്തിലാണ് ഇരുവരേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റു ചെയ്യുന്നതെന്ന് മുലായംസിങ് യാദവ് പറഞ്ഞു. ശിവപാല്‍ യാദവിനെ എസ്.പി സംസ്ഥാന പ്രസിഡണ്ടു പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹത്തിന് തുടക്കമായത്. ശിവപാല്‍ അനുകൂലികളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി അഖിലേഷും അഖിലേഷ് അനുയായികളെ പാര്‍ട്ടി നേതൃപദവിയില്‍ നിന്ന് പുറത്താക്കി ശിവപാലും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ കലഹം രൂക്ഷമായി. മുലായംസിങ് യാദവ് നടത്തിയ മാരത്തണ്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുവരും വെടിനിര്‍ത്തലിന് തയ്യാറായതോടെ പ്രശ്‌നങ്ങള്‍ ഒരുവിധം കെട്ടടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിയത്. സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി അഖിലേഷ് തന്നെയാണ് പടയൊരുക്കത്തിന് തുടക്കം കുറിച്ചത്. ഇത് തള്ളിയ മുലായം 325 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി. ലിസ്റ്റിന് പാര്‍ട്ടി അംഗീകാരം നല്‍കിയതായി വ്യാഴാഴ്ച എസ്.പി വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അന്നു രാത്രി തന്നെ 200 പേരുടെ ബദല്‍ പട്ടികയുമായി അഖിലേഷ് യാദവ് രംഗത്തെത്തി. സമവായ ശ്രമങ്ങള്‍ സാധ്യമല്ലെന്ന് വ്യക്തമായതോടെയാണ് മുലായം കടുത്ത നടപയിലേക്ക് നീങ്ങിയത്.

chandrika: