മോസ്‌കോ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ കൊലപ്പെടുത്തിയത് ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം തകര്‍ക്കാനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. ഇറാനുമായും തുര്‍ക്കിയുമായും സഹകരിച്ച് സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണാനുള്ള റഷ്യയുടെ ശ്രമത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. കൊലയാളിയുടെ കൈകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നാണ് അറിയേണ്ടത്. അതിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യും-പുടിന്‍ പ്രഖ്യാപിച്ചു.
അക്രമിക്കുപിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ലോകമെമ്പാടുമുള്ള റഷ്യന്‍ എംബസികള്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പുടിനും ഫോണില്‍ സംസാരിച്ചു. ഭീകരക്കെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്താന്‍ സ്ഥാനപതിയുടെ മരണം കാരണമാകൂ എന്ന് പുടിന്‍ പറഞ്ഞു.
തുര്‍ക്കിയിലെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ഇതുസംബന്ധിച്ച് തുര്‍ക്കി ഭരണകൂടത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറിയയില്‍ ഒരു തരിമ്പുപോലും ഭീകരവാദികള്‍ക്ക് നല്‍കില്ലെന്ന് അംബാസഡര്‍ കൊല്ലപ്പെട്ടതിനുശേഷം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും പറഞ്ഞു. റഷ്യയുമായുള്ള തുര്‍ക്കിയെ ബന്ധങ്ങള്‍ തകര്‍ക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഉര്‍ദുഗാനും കുറ്റപ്പെടുത്തി.